Tuesday, 30 January 2018




                ഇന്നലേയും വീട്ടിലേക്ക് വിളിചിരുന്നു , ഒന്ന് രണ്ടു തവണ വിളിച്ചിട്ടും ആരും എടുക്കുന്നതായി കണ്ടില്ല.
എല്ലാവരും തിരക്കിലായിരിക്കും. നല്ലപാതി ഒരുപക്ഷെ മോനുമായി അംഗം വെട്ടുന്ന തിരക്കിലായിരിക്കാം..പഠന സമയത്തെ കലഹങ്ങൾ ചിലപ്പോഴല്ലാം ഫോണിലൂടെ കേൾക്കാറുള്ളതാണ്. കുറച്ചുകഴിഞ്ഞു വിളിച്ചു നോക്കാം. അതാണ് ആരോഗ്യത്തിന് നല്ലത്.അല്ലെങ്കിൽ കലിയെല്ലാം എന്നോടായിരിക്കും തീർക്കുക. ഞാൻ ഫോൺ കട്ടു ചെയ്തു മേശപ്പുറത്തു വെച്ചു വീണ്ടും ജോലിയിൽവ്യാപൃതനായി.

അരമണിക്കൂർ കഴിഞ്ഞു വീണ്ടും വിളിച്ചു നോക്കി. ഫോൺ റിങ് ചെയ്യുന്നുണ്ട്. ആരും എടുക്കുന്നില്ല. ഫോൺ ഡിസ്കണക്റ്റാവും എന്ന് കരുതിയപ്പോഴയാണ് മറുതലക്കൽ മോന്റെ ശബ്ദം.
അവൻ ഫോണെടുത്താൽ മിക്കപ്പോഴും വരുമ്പോൾ കൊണ്ടുവരേണ്ട സാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ടാവും.
ഇന്ന് എന്തായിരിക്കും അവന് പറയാനുണ്ടാവുക എന്ന ആകാംക്ഷ യിലായിരുന്നു ഞാൻ.

വീട്ടുവിശേഷങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. വെല്ലിമ്മയുടെ വീട്ടിൽ പോയതും ഉമ്മച്ചി വികൃതി കാണിക്കുന്നതുമെല്ലാം പറഞ്ഞുഅവസാനം പറഞ്ഞു
" ഉപ്പച്ചി വരുമ്പോൾ ഒരു സാധനം കൊണ്ട് വരുമോ ?"
"എന്താണ് കൊണ്ട് വരേണ്ടത് ?"
" ഒരു കാറ് കൊണ്ടുവരണട്ടോ "
" കാറോ? , കുറെ നല്ല കാറുണ്ടല്ലോ , ഇനിയെന്തിനാ കാറ് ?"
" അങ്ങനത്തെ കാറല്ല , ഇരുന്ന് പോകുന്ന കാറില്ലേ .. അതാണ് വേണ്ടത് ?"
അഞ്ചുവയസ്സുകാരന്റെ ഓരോ സ്വപ്നങ്ങൾ
ഞാനൊന്നും മിണ്ടിയില്ല . പതുക്കെ വിഷയം മാറ്റാനായി സ്‌കൂളിലെ വിശേഷങ്ങൾ ചോദിച്ചു.

ഞാൻ ഓർക്കുകുയായിരുന്നു.

എന്റെ കുട്ടിക്കാലം.
ഓർമ്മകൾ,,,,,, ഒരു പെരുമഴക്കാലം പോലെ ആർത്തിരമ്പന്നു
കൊഴിഞ്ഞു വീണ ഇന്നലകളിലേക്ക്, ആ ബാല്യത്തിലേക്ക് ഒരു മടക്കയാത്ര നടത്താൻ ഞാൻ വെറുതെ ആഗ്രഹിച്ചു.
മഞ്ചാടികുരുവും, കുന്നിക്കുരുവും, വളപൊട്ടുകളുമെല്ലാം മനസ്സിൽ തെളിഞ്ഞു വന്നു.
ഹവായ് ചെരുപ്പ് വട്ടത്തിൽ വെട്ടിയെടുത്ത് ചക്രങ്ങളുണ്ടാക്കി, തെങ്ങിൻ മടലും പനമടലുകൊണ്ടല്ലാം വണ്ടിയുണ്ടാക്കി, ഇരു വശവും പൊന്തകെട്ടി നിൽക്കുന്ന "ഏടായി"കളിലൂടെ അലഞ്ഞു നടന്നിരുന്ന കുട്ടിക്കാലം മനസ്സിൽ തെളിഞ്ഞു വന്നു
കൂട്ടുകാരൊന്നിച്ചു സൈക്കിൾ ചക്രങ്ങളും മറ്റുടയറുകളും ഉരുട്ടി നാടിന്റെ ഒരോ "കുണ്ടനടായി" കളിലൂടെയും കടന്ന്പോയ ബാല്യം. അത് ഉരുട്ടാനുള്ള വടികളും കൊക്കകളും ആരുടെയെങ്കിലും വേലിയിൽ നിന്നും അടിച്ചുമാറ്റിയിരുന്ന കാലം
കാട്ടിൽ നിന്നും ഈന്ത് വെട്ടിക്കൊണ്ടുവന്ന് , അതിന്റെ ഉള്ളിലെ ചോറ് കളഞ്ഞു ചക്രങ്ങളുണ്ടാക്കും . നാലു ചക്രങ്ങളും മരപ്പലകകളും മറ്റുമുപയോഗിച്ച് അത് ഒരു വണ്ടിയാക്കി മാറ്റും. അതിൽ കയർകെട്ടി കൂട്ടുകാരെയും ഇരുത്തി ആഞ്ഞുവലിക്കും.

" പെൻസിൽന് മായ്പ്പേയ് "
സ്കൂളോർമ്മകളിൽ ആ ശബ്ദം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു.
സ്ലൈറ്റ് മായ്ക്കുന്ന ചെറിയ മഷി തണ്ടുകൾ മുറിച്ചുകൊണ്ട് വന്ന് അത് പെൻസിൽന് പകരം വിറ്റു നടന്നിരുന്നു. ഓരോ ക്ലാസിലും പോയി " പെൻസിൽന് മായ്പ്പേയ്" എന്ന് വിളിച്ചു പറയും. ആവശ്യാക്കാർ പെൻസിൽ കൊടുത്ത് മായ്പ് വാങ്ങും.
മദ്‌റസ കഴിഞ്ഞു വീട്ടിലെത്തിയാൽ ഉമ്മ ഒരു രൂപ തരും. അതുകൊണ്ടു അലവിയാക്കയുടെ "ചായപീട്യ 'യിലേക്കോടും. രണ്ടുപൊറോട്ടയും അതിൽ കുറച്ചു ഉള്ളിക്കറിയും ഒഴിച്ചു അബ്ദുള്ളാക്ക മുന്നിൽ കൊണ്ടുവച്ചു തരും. അതും കഴിച്ചാണ് മിക്കപ്പോഴുംസ്കൂളിൽ പോയിരുന്നത്. ഒരു രൂപക്ക് രണ്ടു പൊറോട്ടകിട്ടിയിരുന്ന കാലം. ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു.

വൈകുന്നേരം സ്കൂളിൽ നിന്നും അവസാന ബെൽ മുഴുമിപ്പിക്കാൻ പോലും കാത്തു നിൽക്കാതെ ധൃതിപിടിച്ചോടും. ജീവിതത്തിന്റെ സുന്ദരനിമിഷങ്ങളിൽ നിന്നായിരുന്നു ഈ കുതിച്ചോടിയിരുന്നത് എന്ന് ഒരിക്കലും ഓർത്തിരുന്നില്ല.
മനസ്സ് മുഴുവൻ കൊയ്ത്തു കഴിഞ്ഞ പാടമായിരിക്കും. ഫുട്‌ബോൾ കളിക്ക് , ടീമിടും മുമ്പ് പാടത്തെത്തണം. അതായിരുന്നു ചിന്തമുഴുവൻ . ചിലപ്പോഴൊക്കെ പുഴയിലായിരിക്കും കളി. കളി കഴിഞ്ഞാൽ പിന്നെ പുഴയിൽ വിസ്തരിച്ചൊരു കുളി. അപ്പോഴേക്കും മഗ്‌രിബ് ബാങ്ക് വിളിച്ചിരിക്കും. ബാങ്ക് കൊടുത്താൽ പിന്നെ കൂടുതൽ നേരം പുഴയിൽ നിൽക്കാറില്ല. വേഗം "തോർത്തി കയറി" നനഞ്ഞ തോർത്ത് മണലിൽ വിരിച്ചു മഗ്‌രിബ് നിസ്കരിക്കും. 

വീട്ടിലെത്തിയാൽ പിന്നെ "പഠിച്ചതോത്താണ്".
എരിയുന്ന മണ്ണണ്ണ വിളക്കിനു മുന്നിലിരുന്നു മദ്‌റസയിലേയും സ്‌കൂളിലെയും പാഠഭാഗങ്ങൾ വായിക്കും.
" തിങ്കളും താരങ്ങളും,തൂവെള്ളി കതിര്‍ ചിന്നും,തുങ്കമാം വാനിന്‍ ചോട്ടില്‍,ആണെന്‍റെ വിദ്യാലയം"
ഞാനും അമ്മാവന്റെ മകൾ റാഹിലയും മത്സരിച്ചു പാടും.
മരമണ്ടൻ മല്ലൻറെ മണ്ടത്തരങ്ങളും തെന്നലി രാമൻ വാഴത്തോട്ടം മുഴുവൻ കള്ളന്മാരെ കൊണ്ട് കിണറ്റിൽ നിന്നും വെള്ളം കോരി നനപ്പിച്ച കഥയുമെല്ലാം ഉച്ചത്തിൽ വായിക്കും.
ആലീസിന്റെ കുഞ്ഞാട് വായിക്കുമ്പോൾ അറിയാതെ കണ്ണിൽ നനവ് പടരും.

ഓരോ അവധി ദിവസങ്ങളും കൂട്ടുകാരൊത്തുള്ള അലച്ചിലിന്റെ നാളുകളായിരുന്നു.
തെച്ചിപ്പഴവും മുള്ളമ്പഴവും, ഞാവൽ പാഴാവുമെല്ലാം തേടിയുള്ള അലച്ചിലുകൾ.
ഭക്ഷണനേരത്ത് മാത്രമാണ് വീട്ടിൽ വരിക. ബാക്കി സമയം മുഴുവൻ പാടത്തും പറമ്പിലും പുഴയിലുമായിരിക്കും.
അന്ന് വെല്ലിമ്മാന്റെ വീട്ടിൽ പശുക്കളും ആടുകളുമൊക്കെയുണ്ടായിരുന്നു. അവക്കുള്ള പുല്ല് അരിഞ്ഞു കൊണ്ടുവരലും പാള, "കൂമ്പാള" , "അത്തിടല", മറ്റ് പശുക്കളും ആടുകളും തിന്നുന്ന ഇലകൾ ഇവയൊക്കെ സംഘടിപ്പിച്ചു കൊണ്ടുവരൽ ഞങ്ങൾ കുട്ടികളുടെ ജോലിയായിരുന്നു. ഞങ്ങൾക്ക് നേതൃത്വം നൽകി, മൂത്തുമ്മായുടെ മകൻ "അസർപ്പു" മുന്നിൽ ഗമയിൽ നടക്കും. അവന്റെ പിന്നിലേ ഞങ്ങൾക്ക് നടക്കാൻ അനുവാദമുള്ളൂ. മുന്നിൽ നടക്കാൻ ശ്രമിച്ചാൽ അവൻ കൈയ്യിലുള്ള അരിവാൾ ആഞ്ഞു വീശും.

"തൊടൂല്" ( തോട്ടമെന്നൊക്കെ നിങ്ങൾ പറഞ്ഞോളൂ ) എത്തിയാൽ ആദ്യം കാണുന്ന പാളകളും, കൂമ്പാളകളുമെല്ലാം അവൻ ഓടിച്ചെന്നെടുക്കും, പിന്നെ, സമൃദ്ധമായി പുല്ല് വിളഞ്ഞു നിൽക്കുന്ന സ്ഥലം നോക്കി അതെന്റെ സ്ഥലമാണെന്ന് പ്രഖ്യാപിച്ചു കളയും
വെല്ലിമ്മന്റെ കൈയ്യിൽ നിന്നും കൂടുതൽ കാശ് അടിച്ചെടുക്കാനുള്ള തന്ത്രമാണ് ഗമയിലുള്ള ഈ മുന്നിൽ നടത്തമെന്ന് പിന്നീടാണ് എനിക്കും റാഹിലക്കും മനസ്സിലായത്. കൂടുതൽ കന്നു പുല്ലരിയാനും, ഞങ്ങളെക്കാൾ കൂടുതൽ പാളകളും കൂമ്പാളകളും പെറുക്കികൂട്ടി വെല്ലിമ്മാന്റെ മുന്നിൽ കേമനാകാനായിരുന്നു ഈ മുന്നിൽ നടത്തം.
മാസാവസാനം പാലിൻറെ കാശ് കിട്ടിയാൽ വെല്ലിമ്മ ഒരു രൂപയും, രണ്ടുരൂപയുമൊക്കെ തരും. ഇങ്ങനെ കിട്ടുന്ന ചില്ലറ പൈസകൾ "തൊണ്ടി"ൽ ഇട്ടുവെക്കും. നാട്ടിൽ നേർച്ചതുടങ്ങുന്ന ദിവസമാണ് തൊണ്ട് പൊട്ടിക്കുക.
മിക്ക ദിവസങ്ങളിലും ഞാനും സുഹൃത്ത് നൗഫലും ആടുമേക്കാൻ പോകുമായിരുന്നു. സിറിയിലേക്കല്ല, തൊട്ടടുത്ത ആല്യാക്കാന്റെ കാട്ടിലേക്ക്. ആടുകളെ മേയാൻ വിട്ടു ഞങ്ങൾ "ചമ്മല" പെറുക്കാൻ ത്തുടങ്ങും.
നീളമുള്ള "അപ്പ" വെട്ടികൊണ്ടുവന്നു പെറുക്കുകൂട്ടിയ ചമ്മലകൾ അതിൽ കോർത്തിടും.
അത് കഴിഞ്ഞാൽ നൗഫൽ പച്ച തേക്കില പൊട്ടിക്കാൻ തുടങ്ങും. ഞാനും അവനെ സഹായിക്കും. അന്നൊക്കെ ഇറച്ചി പൊതിഞ്ഞു കൊടുക്കാൻ തേക്കിലയായിരുന്നു ഉപയോഗിച്ചിരുന്നത്.

കൂടുതൽ കുട്ടികളുണ്ടെങ്കിൽ പല കളികളും അരങ്ങേറും.
ഒളിച്ചു കളിയും, കള്ളനും പോലീസും, ചട്ടിപ്പന്തും, ഏറുപന്തും അങ്ങനെ പല കളികളും.
അവധി ദിവസങ്ങളിൽ ആടുകളുമായി പെരുംമ്പറമ്പിലേക്കാണ് പോയിരുന്നത്. പോകുമ്പോൾ നല്ല ചെറിയരികഞ്ഞിയും "അമ്മിക്കല്ലിൽ " അരച്ചെടുത്ത നല്ല മാങ്ങാ "പുമ്മളും" വെല്ലിമ്മ തന്നു വിടും. നല്ല പുല്ലു കണ്ടാൽ അരിഞ്ഞെടുക്കാൻ അരിവാളും കൂടെ കരുതും.
ആടുകളെ മേക്കാൻ വിട്ട് വല്ല മാവിൻ കൊമ്പത്തും കയറിയിരുന്ന് മാങ്ങ പൊട്ടിച്ചു തിന്നാൻ തുടങ്ങും. ഉപ്പും മുളക്പൊടിയും ചെറിയകടലാസിൽ പൊതിഞ്ഞത് എപ്പോഴും കൂടെയുണ്ടാകും.
അണ്ണാനും പക്ഷികളും കൊത്തിയ നല്ല പഴുത്ത മാങ്ങകൾ ഒരിക്കലും വെറുതെ കളയില്ല. ആ ഭാഗം കടിച്ചു കളഞ്ഞു ബാക്കി മുഴുവൻ തിന്ന് തീർക്കും.

ചിലദിവസങ്ങളിൽ ഞാനും നൗഫലും അവന്റെ വീട്ടിൽ വളർത്തിയിരുന്ന പോത്തുകളെ കുളിപ്പിക്കാൻ പുഴയിൽ കൊണ്ടുപോകുമായിരുന്നു. അക്കരെ നല്ല ആഴമുള്ള സ്ഥലത്തേക്കാണ് കൊണ്ടുപോകുക. ചകിരിയും, വള്ളി പടർപ്പുകളുമുപയോഗിച്ചു ചാണകമെല്ലാം കളഞ്ഞു ,ശരിക്കും തേച്ചു കുളിപ്പിക്കും.
തിരിച്ചു വരുമ്പോൾ അവന്റെ ജേഷ്ഠൻ മണിയാക്ക കൺവെട്ടത്തൊന്നുമില്ല എന്നുറപ്പുവരുത്തി ഞങ്ങൾ ഓരോത്തരായി പോത്തിന്റെ പുറത്തു ഗമയിൽ കയറിയിരിക്കും. മണിയാക്ക കണ്ടാൽ പുളിച്ചചീത്തപറയുമെന്നുറപ്പുള്ളത് കൊണ്ട് അവരുടെ മുന്നിൽ പെടാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രദ്ധിക്കുക്കുമായിരുന്നു.
കുട്ടിക്കാലത്തെ ഓർമ്മകൾ ഒരു പ്രവാഹം പോലെ മനസ്സിൽ ഉരുണ്ടുകൂടുന്നു. ചിതറിതെറിച്ച ആ ഓർമകളെ പെറുക്കിയെടുക്കാൻ ഒരു എളിയ ശ്രമം . മറവിയിലേക്കൊഴുകിപ്പോയ ആ ഇന്നലകകളുടെ മണ്ണിലലിഞ്ഞ ഓർമ്മകളാണിവിടെ.
നിങ്ങളെ ശല്യപ്പെടുത്താൻ.
നിങ്ങളെ ശല്യപ്പെടുത്താൻ മാത്രം .
നിങ്ങൾ സഹിച്ചേ തീരൂ സൂർത്തുക്കളെ....
                                                                       കലണ്ടർ 

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി കലണ്ടർ വിൽക്കാൻ പോകുന്നത് .അഞ്ചു മുതൽ ഒൻപതാം ക്ലാസ്സുവരെ കൊടുങ്ങല്ലൂർ - അഴീക്കോടുള്ള ഒരു അഗതിമന്ദിരത്തിലായിരുന്നു പഠനം. എല്ലാ സ്ഥാപനങ്ങളിലും നടന്നിരുന്നു ഒരേർപ്പാടായിരുന്നു കുട്ടികളുടെ ഈ കലണ്ടർ വില്പന. കലണ്ടർ വിറ്റ് കിട്ടുന്ന ചെറിയ തുക അന്നൊക്കെ വലിയ ആശ്വാസമായിരുന്നു. ആറു രൂപവിലയുള്ള ഒരു കലണ്ടർ വിറ്റാൽ രണ്ട് രൂപ കിട്ടും. സീനിയറായ വിദ്യാർഥികൾ എല്ലാവർഷവും കലണ്ടർ വിൽക്കാൻ പോകുമായിരുന്നു. അവർ കൈ നിറയെ കാശുമായി തിരിച്ചുവരുമ്പോൾ ചെറിയ കുട്ടികൾ കൊതിയോടെ നോക്കിനിക്കുന്നത് കാണാം . എന്നാൽ ഇന്ന് പല സ്ഥാപനങ്ങളിലും ഈ പതിവ് കാണാറില്ല.
വെള്ളിയാഴ്ച സ്കൂൾ വിട്ടുവന്നാൽ വിൽക്കാനുള്ള കലണ്ടറുമായി കുട്ടികളിറങ്ങും. ഞായറാഴ്ച രാത്രിയോടെ മടങ്ങിയെത്തും. പള്ളികളിലോ കൂട്ടുകാരുടെ വീടുകളിലോ അന്തിയുറങ്ങും.
ആദ്യമായ് കലണ്ടർ വിൽക്കാനിറങ്ങിയത് ഇടുക്കി ഇരുമ്പ്പാലം സ്വദേശി ഷംനാദിന്റെ കൂടെയാണ്. അവന്റെ നാടായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. പോകുന്നവഴി കോതമംഗലത്തിറങ്ങി. ബസ്റ്റാന്റിലെ കടകളിലെല്ലാം കലണ്ടർ കൊടുക്കാനായിരുന്നു പ്ലാൻ. ഒന്ന് രണ്ടുകടകളിൽ കയറിയപ്പോഴേക്കും ഞങ്ങൾക്ക് കാര്യം മനസ്സിലായി. ഞങ്ങളുടെ കലണ്ടർ അവരുടെ ചുമരുകളിൽ എന്നോ സ്ഥാനം പിടിച്ചിരിക്കുന്നു. ഞങ്ങൾക്ക് മുൻപേ ആരോ അവിടെയെല്ലാം കലണ്ടർ കൊടുത്തിരിക്കുന്നു. ആരാണാവോ ഈ ചതി ചെയ്തത്. അവരെ മനസ്സിൽ പ്രാകികൊണ്ട് ഞങ്ങൾ നേരെ അവന്റെ നാട്ടിലേക്ക് ബസ് പിടിച്ചു.
ഇടുക്കി, കേട്ടറിഞ്ഞതിലും സുന്ദരമാണ്.
മലകളും കുന്നുകളും നിറഞ്ഞ പ്രദേശത്തുകൂടി വളഞ്ഞു പുളഞ്ഞു ബസ്സ്‌ ഓടിക്കൊണ്ടിരിക്കുന്നു. സീറ്റിനോട് ചേർന്ന കമ്പിയിൽ ഞാൻ മുറുകെ പിടിച്ചിരിക്കുകയാണ്. താഴെ ഭീതിപ്പെടുത്തുന്ന കൊക്കകൾ. ആദ്യമായാണ് ഇങ്ങനെയൊരു യാത്ര.
ഒരു മലയോര പ്രദേശമാണ് ഇരുമ്പുപാലം.
വൈകുന്നേര സമയത്താണ് ഞങ്ങൾ അവന്റെ നാട്ടിലെത്തിയത്. വലിയൊരു കുന്നിൻ മുകളിലാണ് അവന്റെ വീട്. അവിടേക്ക് റോഡൊന്നും കണ്ടില്ല. കുത്തനെയുള്ള കയറ്റങ്ങളും ഉരുളന്കണല്ലുകള്‍ നിറഞ്ഞതുമാണ് വഴി .ശ്രദ്ധിച്ചു കയറണം, ഇല്ലെങ്കിൽ മലർന്നടിച്ചു വീഴും. പരിചിതമായ സ്ഥലമായത്കൊണ്ടാകാം അവൻ വളരെ വേഗത്തിൽ കുന്ന് കയറിക്കൊണ്ടിരിക്കുകയാണ്. ഇവനിത് എന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന ഭാവത്തിൽ പിറകെ ഞാനും. കുറ്റിച്ചെടികളിലും വള്ളിപ്പടർപ്പുകളിലും പിടിച്ചു വളരെ ശ്രദ്ധയോടെയാണ് ഞാൻ നടക്കുന്നത്.
ഏകദേശം അരമണിക്കൂർ നടന്നുകാണും . അവന്റെ വീടെത്തി, ചെറിയതെങ്കിലും നല്ല വൃത്തിയുള്ള ഓട് മേഞ്ഞൊരുവീട്. മുകളിൽ നിരപ്പായ സ്ഥലമാണ്. അടുത്തൊന്നും വേറെ വീടുകളൊന്നും കണ്ടില്ല. ഇത് പോലെ കുറച്ചുമാറി വേറെയും ചില കുന്നുകൾ അടുത്ത് കാണുന്നുണ്ട്. അതിനുമുകളിലും ചെറിയ ചെറിയ വീടുകൾ കാണാം.
അടുത്ത് തന്നെ വലിയൊരു വാട്ടർ ട്ടാങ്കുണ്ട്. ഞങ്ങൾ കുറെ സമയം അതിന് മുകളിൽ കയറിയിരുന്നു.. ചുറ്റും നോക്കിയാൽ ചെറുതും വലിയതുമായ കുറെ കുന്നുകളും മലകളും. നയനാനന്ദകരമായ കാഴ്ചകൾ.
നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ ഞങ്ങൾ അവിടെനിന്നുമിറങ്ങി വീട്ടിലേക്ക് പോയി. നാളെ , എപ്പോൾ എവിടെയൊക്കെ പോകണണമെന്നൊക്കെ ഏകദേശ ധാരണയിലെത്തി.
ഇശാ നിസ്കാരം കഴിഞ്ഞയുടനെ ഭക്ഷണം കഴിക്കാനിരുന്നു. മുന്നിൽ ഒരു പാത്രത്തിൽ ചോറും വേറെയൊരു പാത്രത്തിൽ കൂർക്കപ്പേരിയും. ഷംനാദ്, കൂർക്ക ചോറിലേക്ക് കോരിയിട്ട് കുഴച്ചുതിന്നാൻ തുടങ്ങി. കറി ഇപ്പോൾ വരും എന്നു കരുതി കാത്തിരിക്കുകയാണ് ഞാൻ . അവന്റെ പാത്രം പകുതി കാലിയായി. ഞാൻ അടുക്കള ഭാഗത്തേക്ക് ദൃഷ്ടിയെറിഞ്ഞു്. ആരെങ്കിലും കറിയുമായി വരുന്നുണ്ടോ എന്നു നോക്കി. ആരേയും കാണുന്നില്ല. എന്റെ ദയനീയ മുഖം കണ്ടിട്ടാണോ എന്നറിയില്ല, എന്താണ് കഴിക്കാത്തത് എന്നവൻ ചോദിച്ചു. ഹേയ് ഒന്നുമില്ല എന്ന ഭാവത്തിൽ ഞാൻ തലയാട്ടി. ഇതായിരിക്കും ഇവിടുത്തെ പതിവ് എന്ന് കരുതി ഞാനും കുഴച്ചു തിന്നാൻ തുടങ്ങി. സത്യം പറഞ്ഞാൽ സ്വാദിഷ്ഠമായ ആ കൂർക്കപ്പേരിയുടെ കൂടെ ഒരു കറി അനാവശ്യമായിരുന്നു.എന്നാൽ ചില ശീലങ്ങൾ അങ്ങനെയാണല്ലോ , നമുക്ക് ആവശ്യമില്ലെങ്കിലും അതിനായ് മനസ്സ് അത്യാഗ്രഹിക്കും.
ഇതൊക്കെ ഇപ്പോൾ ഓർത്തെടുക്കാൻ കാരണം, നീണ്ട ഇരുപതുവർഷങ്ങൾക്കുശേഷം ആദ്യമായി അവനുമായി കഴിഞ്ഞ ദിവസം വീണ്ടും സംസാരിച്ചു , ഫോണിൽ. ജോലി , കുടുംബം അങ്ങനെ പലതിനെക്കുറിച്ചും സംസാരിച്ചു . അവിചാരിതമായാണ് അന്ന് ആ സ്ഥാപനത്തിൽ പഠിച്ചിരുന്ന അവന്റെ മാമനെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ കണ്ടെത്തിയത്. അദ്ദേഹവുമായി ബന്ധപ്പെട്ടാണ് അവന്റെ നമ്പർ തരപ്പെടുത്തിയത് .ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവസാനമായി അവനെ കാണുന്നതും സംസാരിക്കുന്നതും. സ്ഥാപനത്തിൽ നിന്നും പോന്നതിന് ശേഷം അവന്റെ ഒരു വിവരവുമുണ്ടായിരുന്നില്ല.
ഓർമകളുടെ ഇരുട്ടറയിൽ ഇനിയും എത്രയോ അവ്യക്തമായ മുഖങ്ങളുണ്ട്. ജീവിതയാത്രക്കിടയിൽ ഇങ്ങനെ എത്രയെത്ര സുഹൃദ്ബന്ധങ്ങളാണ് നഷ്ടമായത് . മറവിയിലേക്ക് ഓടിയൊളിച്ച വളരെ പരിചിതങ്ങളായിരുന്ന എത്രയോ സുഹൃത്തുക്കൾ. എപ്പോഴാണവർ എന്റെ ഓർമകളിൽ നിന്നും മാഞ്ഞു പോയത്. കാലമെന്ന മഹാപ്രവാഹത്തിന്റെ കുത്തൊഴുക്കിൽ അറ്റുപോയ ആ സുഹൃത്തുക്കളെ എന്നെങ്കിലും വീണ്ടും കണ്ടത്താൻ കഴിമോ ?



                                                                                                            നിയാസ് പുറമണ്ണൂർ 

Sunday, 26 February 2017


എന്റെ പുഴ

ഇതൊരു പുഴയായിരുന്നു.
ഒരു നാടിന്റെ സംസ്കാരത്തിന്റെ ഭാഗമായി, ഇരുകരയും കവിഞ്ഞൊഴുകിയിരുന്ന പുഴ. 
ബാല്യം നീന്തിതുടിച്ച തൂതപുഴ.
കുട്ടിക്കാലത്ത് ഈ പുഴയി നീന്തിക്കുളിക്കാത്ത ദിവസങ്ങ ഉണ്ടായിരുന്നുവോ ,കുറവായിരിക്കും.
സ്‌കൂളി നിന്നും അവസാന ബെ മുഴുമിപ്പിക്കാ പോലും നിലക്കാതെ ധൃതിയിമത്സരിച്ചോടിയിരുന്നത്, കൊയ്ത്തു കഴിഞ്ഞ പാടവും ഈ പുഴയും മനസ്സി കണ്ടായിരുന്നു.
തോത്ത് വിരിച്ചും,ചെറിയ വടിക കുറുകെ വെച്ചും എത്രമീനുകളെ പിടിച്ചിരിക്കുന്നു.
നല്ല തെളിഞ്ഞ വെള്ളമായിരുന്നു. അടിയി കിടക്കുന്ന ചരകല്ലുകളും, അതിനെ തൊട്ടുരുമ്മി നീന്തി കളിക്കുന്ന മീനുകളെയും വെള്ളത്തിന് മുകളി നിന്ന് നോക്കിയാ പോലും കാണുമായിരുന്നു.
കൂട്ടുകാരൊന്നിച്ച് പുഴയോരത്തുള്ള വലിയ അത്തിമരത്തി വലിഞ്ഞു കയറി അതിനുമുകളിനിന്നുംവരിവരിയായി വെള്ളത്തിലേക്കെടുത്തുചാടുന്നത്കുട്ടിക്കാലത്തെ നിറമുള്ള ഓമകളാണ്.
ആദ്യമൊക്കെ ഭയമായിരുന്നു.
ഞാനിപ്പോഴും ഓക്കുന്നു, ഒരു ദിവസം ഒരാവേശത്തിന് കൂട്ടുകാരോടൊപ്പം മരത്തിനു മുകളി വലിഞ്ഞു കയറി. മുകളിലെത്തി താഴേക്ക്നോക്കിയപ്പോ ധൈര്യമെല്ലാം ചോന്ന്പോയി.
അതിനിടെ പിറകി നിന്നും ആരോ ഒരാ ഒരൊറ്റതള്ള്. ദാ കിടക്കുന്നു പുറമടിച്ചു വെള്ളത്തി . മൂക്കിലും വായയിലും വെള്ളം കയറി.
അതായിരുന്നു തുടക്കം. പിന്നെ ആരുടേയും സഹായം വേണ്ടി വന്നിട്ടില്ല.
എന്തല്ലാം കളികളായിരുന്നു അന്ന് പുഴയിലൊക്കെ.
തൊട്ടുകളിയും, ഏറുപന്തുകളിയും കുട്ടിക്കാലത്തെ പുഴയോമകളാണ്.
പരന്ന ചരകല്ല് തപ്പിയെടുത്ത്,വെള്ളത്തിന് മുകളിലൂടെ മത്സരിച്ചു വീശിയെറിയുമ്പോ അത് തെള്ളി തെള്ളി പോകുന്നത് എണ്ണിനോക്കും. കൂടുത തവണ വെള്ളത്തിന് മുകളിലൂടെ ആരുടെ കല്ലാണോ തെന്നി പോകുന്നത് അവനായിരിക്കും വിജയി.
ഒരു കടവി നിന്നും ഊളിയിട്ട് അടുത്ത കടവി പോയി പൊങ്ങുന്ന മുങ്ങ വിദഗ്ധമാരുണ്ടായിരുന്നു കൂട്ടത്തി. 
ഷക്കാലങ്ങളി പുഴ കലങ്ങി മറിഞ്ഞു നിറഞ്ഞൊഴുകും. തേങ്ങകളും, കടപുഴകി വലിയമരങ്ങളും ഒഴുകി വരുമ്പോ, മുതിന്നവ നീന്തിപ്പോയി അതെല്ലാമെടുക്കുന്നത് ഞങ്ങ കുട്ടിക, പുഴക്കടവിലിരുന്നു നോക്കിക്കാണും.
ആ പുഴയാണ് ഇന്നീ അവസ്ഥയി നീരൊഴുക്ക് നിലച്ചു മരണവും കാത്തു കിടക്കുന്നത്. !!!
ആരാണ് ഈ പുഴക്ക് ചരമഗീതം പാടിയത്.?
അനിയന്ത്രിതമായി മണലൂറ്റിയും വിഷം കലക്കിയും നാം തന്നെയല്ലേ നമ്മുടെ പുഴക്ക് ഖബറൊരിക്കിയത് ?.
മരുഭൂമിയായ്‌ മാറുന്ന നമ്മുടെ പുഴയെ രക്ഷിക്കാക്ക് കഴിയും.
അടിയന്തിര ശ്രദ്ധ പതിഞ്ഞില്ലെകി നമ്മുടെ അടുത്ത തലമുറ ചരിത്രതാളുകളി നിന്നും വായിച്ചറിയേണ്ടിവരും,
"പണ്ട്, ഇവിടെ ഇരുകര കവിഞ്ഞൊഴുകിയ ഒരു പുഴയുണ്ടായിരുന്നു" വെന്ന് ,


Thursday, 16 February 2017

ബഷീർ മാഷ്

ചില വേർപാടുകൾ അങ്ങനെയാണ്.
കാലമെത്രയായാലും അവരുടെ ഓർമ്മകൾ നമ്മെ പിന്തുടർന്നു കൊണ്ടിരിക്കും
മനസ്സിനെ വല്ലാതെ പിടിച്ചുലച്ച ഒരു വേർപ്പാടായിരുന്നു ബഷീർ മാഷിന്റേത്.
ജീവിതത്തിന്റെ വർണ്ണ സ്വപ്നങ്ങൾക്ക് ചിറകുമുളക്കുമ്പോഴേക്കും പാതി വഴിയിൽ വെച്ച് മരണം മാടി വിളിച്ച ബഷീർമാഷിന്റെ ഓർമകൾ മനസ്സിനെ ചിലപ്പോഴൊക്കെ വല്ലാതെ നൊമ്പരപെടുത്താറുണ്ട്.
അദേഹത്തെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ഒമ്പത് വർഷങ്ങൾക്ക് മുൻപ് ഒരു ഞാറാഴചഴാണ്.
നല്ല മഴയുള്ള ദിവസം . രൗദ്രഭാവം പൂണ്ട് അത് ആർത്തലച്ചു പെയ്യുകയാണ് .അതിശക്തമായ കാറ്റും കൂട്ടിനുണ്ട്.
അഴീക്കോട് ഇർഷാദ് അറബികോളേജിൽ പുതിയ അദ്ധ്യാപകരായി എത്തിയതായിരുന്നു ഞങ്ങൾ.
ഞങ്ങൾ എന്നുപറഞ്ഞാൽ, ഞാനും ബഷീർമാഷും ബെൻസീർ മാഷും.
ഒരേ ദിവസമാണ് ഞങ്ങൾ അവിടെ ജോലിക്കെത്തിയത്.
രാത്രി ഭക്ഷണ ശേഷം ഞങ്ങൾ ഒരുപാട് സമയം സംസാരിച്ചിരുന്നു.
നല്ലൊരു സംസാരപ്രിയനായിരുന്നു അദ്ദേഹം. ഞാനും ബെൻസീർ മാഷും നല്ലൊരു ശ്രോതാവായി അദ്ദേഹത്തിന്റെ മുന്നിലിരുന്നു.
കോതമംഗലം സ്വദേശിയാണ് അദ്ദേഹം.
നാട്ടിൽ വർഷങ്ങളോളം അദ്ധ്യാപനം നടത്തിയ പരിചയ സമ്പത്തുമായാണ് അദ്ദേഹത്തിന്റെ വരവ്. ഞാനും ബെൻസീർ മാഷും തുടക്കകാരാണ്.
മലയാളവും ഹിന്ദിയുമാണ് അദ്ദേഹത്തിന്റെ ഇഷ്ടവിഷയം. അദ്ദേഹത്തിന്റെ അക്ഷരസ്ഫുടതയോടയുള്ള ആ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്.
വിദ്യാർത്ഥികളുടെ പ്രിയ അധ്യാപകനായിത്തീരാൻ അദ്ദേഹത്തിന് കൂടുതൽ സമയം വേണ്ടിവന്നില്ല. അവരുടെ പഠനപ്രശ്നങ്ങൾ പഠിച്ചു ഉചിതമായ പരിഹാരങ്ങൾ നിർദേശിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. പഠന വിഷയങ്ങൾക്കു പുറമെ പാഠ്യേതര രംഗത്തും അവരെ മികച്ചവരാക്കാൻ അദ്ദേഹം കഠിനാധ്വാനം ചെയ്തിരുന്നു.
വിദ്യാർത്ഥികൾ വല്ല അനുസരണക്കേടും കാണിച്ചാൽ അവർക്ക് ശിക്ഷയായി നൽകിയരുന്നത് ഏതെങ്കിലും ഒരു മലയാള കവിത മനപാഠമാക്കാനായിരുന്നു.
വൈകുന്നേരങ്ങളിൽ ഞങ്ങൾ വെറുതെ നടക്കാനിറങ്ങും. കായൽ തീരത്തുകൂടി, കാറ്റും കൊണ്ട് നടക്കാൻ നല്ല രസമാണ്.
മിക്കപ്പോഴും അടുത്തുള്ള മാർത്തോമാ പള്ളിയായിരിക്കും ഞങ്ങളുടെ ലക്ഷ്യം.
അവിടെ കായൽ തീരത്ത് ,കാറ്റുകൊണ്ടിരിക്കാൻ പ്രത്യേക ഇരിപ്പിടമുണ്ട്. അവിടെയിരുന്നു പെരിയാറിനെ കാണാൻ നല്ല ചന്തമാണ്. മൽസ്യ ബന്ധനത്തിലേർപ്പെട്ടിരിക്കുന്ന ചെറു തോണികളും, അങ്ങിങ്ങായി ഉയർന്നു നിൽക്കുന്ന കൊച്ചുദീപുകളും നയനാനന്തകരമായ കാഴ്ചകളാണ്.
കവിതകളോട് ഒരു പ്രത്യേക ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. സംസാരത്തിനിടയിലെല്ലാം സാന്ദർഭികമായ രണ്ടുവരി കവിത അദ്ദേഹത്തിന് നിർബന്ധമാണോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
പദ്യങ്ങളുടെ വൃത്തവും വൃത്താന്തവും താളവും താളാത്മകതയും വിശദീകരിക്കുമ്പോൾ ഒന്നും മനസ്സിലാകാതെ ഞാൻ മിഴിച്ചു നിൽക്കും.
ഒഴിവ് ദിനങ്ങളിൽ കുട്ടികളെ വിളിച്ചിരുത്തി കഥപറയൽ അദ്ദേഹത്തിന്റെ പതിവായിരുന്നു. ഖുർആൻ കഥകൾക്ക് പുറമെ ബൈബിളും രാമായണവും അദ്ദേഹത്തിന്റെ കഥകളിലുണ്ടാവും. എങ്ങനെയാണ് ഇത്രയും കഥാപാത്രങ്ങളുടെ പേരുകൾ അദ്ദേഹം ഓർത്തെടുക്കുന്നത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
ഏകദേശം ഒരു വർഷമേ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നൊള്ളുവെങ്കിലും അദ്ദേഹവുമായുള്ള ആത്മബന്ധം എന്നും തുടർന്നുകൊണ്ടിരുന്നു.
ചില വെക്കേഷനുകളിൽ അദ്ദേഹം സ്ഥാപനത്തിൽ വരാറുണ്ട് . അപ്പോഴൊക്കെ, രാത്രി ഭക്ഷണശേഷം സഹപ്രവർത്തകരോടൊപ്പം അടുത്തുള്ള ബീച്ചിൽ പോയിരിക്കാറുണ്ടായിരുന്നു.
സുഹൃത്ത് റഷീദിന്റെ വിവാഹത്തിനും അദ്ദേഹം തലേന്ന് തന്നെ എത്തിയിരുന്നു. അന്ന് അടുത്തുള്ള ഒരു കുളത്തിൽ ഒരുപാടു സമയം ഞങ്ങൾ നീന്തികുളിച്ചു.
അവസമായി അദ്ദേഹത്തെ കാണുന്നത് മിസ്ബാഹി ഉസ്താദിന്റെ പുതിയവീടിന്റെ പാലുകാച്ചലിന് ചെന്നപ്പോഴായിരുന്നു. ഞാൻ തലേന്ന് തന്നെ അവിടെ എത്തിയിരുന്നു. അന്ന് രാത്രി മിസ്ബാഹി ഉസ്താദിന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച് ബഷീർ മാഷോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി.അദ്ദേഹവും മൂന്നു കുട്ടികളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭാര്യ അന്ന് എവിടെയോ ജോലിയിലായിരുന്നു .ഒരു ബെഡ് റൂം, സിറ്റൗട്ട് ,ഡൈനിങ് ഹാൾ. കിച്ചൺ ഇതായിരുന്നു അദ്ദേഹത്തിന്റെ വീട്. കുട്ടികളെല്ലാം വേഗം ഉറങ്ങി. മൂത്ത രണ്ടു കുട്ടികളെ ഡൈനിംഗ്‌ ഹാളിൽ പായ വിരിച്ചു അവിടെ കിടത്തി. ചെറിയകുട്ടി ഞങ്ങൾ കിടന്ന് റൂമിലും. എല്ലാവര്ക്കും കൂടി അവിടെ കിടക്കാനുള്ള സൗകര്യമില്ലായിരുന്നു .രാത്രി ഏകദേശം രണ്ടുമണിവരെയെങ്കിലും ഞങ്ങൾ സംസാരിച്ചു കാണും.അദ്ദേഹം സംസാരം തുടങ്ങിയാൽ അതൊരു പ്രവാഹമായി ഒഴുകി കൊണ്ടിരിക്കും. അന്ന് കൂടുതലും സംസാരിച്ചത് അദ്ദേഹത്തിന്റെ കുടുംബ കഥകളായിരുന്നു. ഒരു പരമ്പരാഗത ക്രിസ്ത്യൻ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഒരു പള്ളിയിൽ കപ്യാരായി ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇസ്ലാമിനെ കുറിച്ച് പഠിക്കുന്നതും ഭാര്യയും കുട്ടികളോടുമൊപ്പം ഇസ്ലാമിലേക്ക് വരുന്നതും . ഇക്കാര്യം വളരെ വൈകിയാണ് ഞാൻ അറിഞ്ഞത്.
രാവിലെ നേരത്തെ എഴുനേറ്റ് സുബഹി നിസ്കരിച്ചു. വീടിനോട് ചേർന്ന് വെള്ളം നിറഞ്ഞഴുകുന്ന ഒരു ചെറിയ തോടുണ്ടായിരുന്നു.അവിടെ നിന്നും കുളിയും കഴിച്ചു നേരെ മിസ്ബാഹി ഉസ്താദിന്റെ വീട്ടിലേക്ക് ഞങ്ങൾ പോയി .
അവിടെ വെച്ചാണ് അദ്ദേഹത്തെ അവസാനമായി കാണുന്നത്.
പിന്നീട് ഇടക്കെല്ലാം അദ്ദേഹം ഫോൺ ചെയ്യാറുണ്ടായിരുന്നു.
ഒരു ദിവസം വളരെ അപ്രതീക്ഷമായാണ് ആ വിവരം ഞങ്ങളെ തേടിയെത്തിയത്. രാവിലെ സ്കൂളിലേക്ക് പോയ അദ്ദേഹം അവിടെ വെച്ച് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. മനസ്സിനേറ്റ ഒരു ഷോക്കായിരുന്നു അദ്ദേഹത്തിന്റെ അകാലത്തിലുള്ള ആ വേർപാട്.
പിന്നീടൊരിക്കൽ ഒരു സിയാറത്ത് യാത്രക്കിടെ അദ്ദേഹത്തിന്റെ കബറിടം ഞാൻ സന്ദർശിക്കാൻ പോയി .കാടുകയറിയ പള്ളിപ്പറമ്പിൽ ഞാനാ കബർ കണ്ടു. മൈലാഞ്ചി ചെടിയുടെ വേരുകളിറങ്ങിയ കബറിനുമുകളിലെ ആ മീസാൻ കല്ലുകൾക്ക് എന്നോട് എന്തായിരിക്കും പറയാനുണ്ടാവുക.
ദുആ ചെയ്ത് സലാം പറഞ്ഞു അവിടെ നിന്നും മടങ്ങുമ്പോൾ ചെടികൾക്കിടയിൽ അവിടെയവിടെയായി തലയുയർത്തി നിൽക്കുന്ന ചെറുതും വലുതും പഴയതും പുതിയതുമായ ഒരു പാട് മീസാൻ കല്ലുകൾ ഞാൻ കണ്ടു.
ആറടി മണ്ണിൽ മനുഷ്യരെല്ലാം തുല്യരാണെന്നല്ലേ ആ മീസാൻ കല്ലുകൾ വിളിച്ചു പറയുന്നത്.
ചില കണ്ടുമുട്ടലുകൾ അങ്ങനെയാണ്. ആരുമല്ലാതിരിന്നിട്ടും ജീവിതയാത്രക്കിടെ ആരല്ലാമോ ആയവർ. കാലമെത്ര കഴിഞ്ഞാലും മനസ്സിന്റെ തീരത്തടിഞ്ഞ അവരോടൊപ്പമുള്ള ചിലയോർമകൾ മായാതെ മനസ്സിൽ തെളിഞ്ഞു നിൽക്കും.
അദ്ദേഹം എനിക്കാരായിരുന്നു. ?
സുഹൃത്തോ , സഹപ്രവർത്തകനോ അതോ ഗുരുനാഥനോ ?
എല്ലാമായിരുന്നു അദ്ദേഹം.
അദ്ദേഹം ഭാഗ്യവാനാണ് . മുഅമിനായി മരിക്കുവാൻ കഴിഞ്ഞുവല്ലോ . ഓരോ വിശ്വാസിയും ആഗ്രഹിക്കുന്നത് അതല്ലേ ..
അള്ളാഹു അദ്ദേഹത്തിന്റെ പരലോകം വെളിച്ചമാക്കട്ടെ…ആമീൻ
തപിക്കുന്ന ആ ഓർമ്മകൾക്കു മുന്നിൽ രണ്ടിറ്റു കണ്ണുനീർ

Tuesday, 7 February 2017

സ്നേഹിതൻ

സുബ്ഹാനല്ലാഹി വബിഹംദിഹി...
സുബ്ഹാനല്ലാഹി അളീം ....
വബിഹംദിഹീ.....അസ്തഗ്ഫിറുള്ളാഹ്....
മഗ്‌രിബ് ബാങ്ക് വിളിക്കാ ഇനിയും പതിനഞ്ചു മിനുട്ട് കാണും. കൂട്ടത്തിലൊരാൾ ഈണത്തി  തസ്ബീഹ് ചൊല്ലിക്കൊടുക്കുകയാണ്. ബാക്കിയുള്ളവ ഒരേ സ്വരത്തി അതേറ്റുചൊല്ലുന്നു.
ഞാ പള്ളിയുടെ വലത് ഭാഗത്തുള്ള ജനലിനു നേരെയാണ് ഇരിക്കുന്നത്. ജനലിലൂടെ പുറത്തെ കാഴ്ചക അവ്യക്തമായി കാണുന്നുണ്ട്.  പക്ഷെ .. അതൊന്നും മനസ്സി പതിയുന്നില്ല.  ഹൃദയം  കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ എവിടെയൊക്കെയോ മേഞ്ഞു നടക്കുകയാണ്. പടിഞ്ഞാറൻ കാറ്റിനൊപ്പം ചാഞ്ഞും ചെരിഞ്ഞും പെടുന്നനെയാണ് മഴയെത്തിയത്. ചെറുതായി തുടങ്ങിയ മഴ പിന്നീടെപ്പോഴോ ആർത്തലച്ചു പെയ്യാൻ തുടങ്ങി.   .
" കരയുകയാണോ ?"
അടുത്തിരുന്ന, നീള തൊപ്പി ധരിച്ച ഒരു കുട്ടി എന്റെ ചെവിയി പതിഞ്ഞ സ്വരത്തി ചോദിച്ചപ്പോഴാണ്, എനിക്ക് സ്ഥലകാല ബോധമുണ്ടാകുന്നത്. അതെ,,,,ഞാനിത്ര നേരം കരയുകയായിരുന്നു.!!!
കൈയ്യിലുണ്ടായിരുന്ന ടവ്വലുകൊണ്ട്  ഞാ കണ്ണുനീ തുടച്ചു. പക്ഷ അതൊരു വിഫലശ്രമമായിരുന്നു. വീട്ടിനിന്നും എത്രയോ അകലെയാണ് ഞാനിന്ന് എന്ന ചിന്ത അപ്പോഴേക്കും എന്നെ കീഴടക്കിയിരുന്നു.
ഞാൻ  അവനെയൊന്ന്  നോക്കി. എന്റെ അതേപ്രായം. ഒരു ചെറു ചിരിയോടെ അവ വീണ്ടും എന്റെ ചെവിയി മന്ത്രിച്ചു  "കരയേണ്ട ട്ടോ "
ഇരുന്നൂറോളം അനാഥ- അഗതിക പഠിക്കുന്ന സ്ഥാപനത്തി ഞാ എത്തിയിട്ട് ഏതാനും ദിവസങ്ങളെ ആയിരുന്നൊള്ളൂ.
മഗ്‌രിബ് നിസ്‍കാരം കഴിഞ്ഞു. ഇനി പഠന സമയമാണ്.
കുട്ടികൾ  തങ്ങളുടെ പുസ്തകങ്ങളെല്ലാമെടുത്ത് പള്ളിയിൽ നിന്നും പുറത്തിറങ്ങി.
ഞാനും, മദ്രസ്സയിലെയും സ്‌കൂളിലെയും പുസ്തകങ്ങളടങ്ങിയ കവറുമെടുത്തു അവരോടൊപ്പം ചേർന്നു. ഒരു സ്‌കൂൾ ബാഗിനായി ഒരുപാട് മോഹിച്ചിരുന്നു. പക്ഷെ, അതിനുള്ള സാമ്പത്തിക ശേഷിയൊന്നും ഞങ്ങൾക്കില്ല  എന്ന സത്യം മനസ്സിലാക്കിയ ആ നിമിഷം,ആ മോഹം എന്റെ മനസ്സിൽ എന്നന്നേക്കുമായി ഞാൻ കബറടക്കിയിരുന്നു.
മഴപെയ്തൊഴിഞ്ഞ ആ തെളിഞ്ഞ അന്തരീക്ഷത്തിൽ, ഹവായി ചെരുപ്പിൽ നിന്നും തുണിയിൽ ചെളി തെറിക്കുന്നതും സൂക്ഷിച്ച്‌,  ഞാൻ സ്റ്റഡിഹാൾ ലക്ഷ്യമാക്കി പതുക്കെ  നടന്നു. മുന്നിലും പിന്നിലുമായി കുട്ടികളുടെ കലപില ശബ്ദം . കായലിനോരം പറ്റി, ഇരുനിലകളുള്ള പഴയൊരു ഓട് മേഞ്ഞ കെട്ടിടം, അതിന്റെ താഴത്തെ നിലയിലാണ് ഞാൻ താമസിക്കുന്നത്, മുകളിലെ നില പഠിക്കാനുള്ള സ്ഥലമാണ്. അവിടെയിരുന്നാണ് കുട്ടികൾ എഴുതുകയും വായിക്കുകയും ചെയ്യുന്നത്.
വീതികുറഞ്ഞ കോണിപ്പടികയറി, വിശാലമായ ആ ഹാളിന്റെ ഏറ്റവും പിറകുവശത്തെ ബെഞ്ചിൽ ഞാൻ സ്ഥലം പിടിച്ചു.  അവടെയിരുന്നാൽ തെങ്ങോലകളെ തഴുകിവരുന്ന നല്ല കടൽകാറ്റ് ലഭിക്കും. അത് കരുതിയാണ് അവിടെ തന്നെ സ്ഥലം പിടിച്ചത്.
"കരച്ചിലല്ലാം കഴിഞ്ഞോ ?"
ഞാൻ തിരിഞ്ഞു നോക്കി.  ,,അവനാണ് .
പള്ളിയിൽ വെച്ച്  എന്റെ ചെവിയിൽ പതിഞ്ഞ സ്വരത്തിൽ കരയുകയാണോ എന്നന്വേഷിച്ച ആ നീളതൊപ്പിക്കാരൻ. അവന്റെ കൂടെ തടിച്ചു ഉയരം കുറഞ്ഞ ഒരുകുട്ടിയുമുണ്ട്. അവന്റെ തീഷ്ണമായ തുറിച്ചുനോട്ടത്തിൽ ഞാനൊന്നു പരുങ്ങി. ആളൊരു ചൂടനാണെന്നു തോന്നുന്നു.
" ജലീലെ... ഇയാളാരാ... നമ്മുടെ സീറ്റ് കയ്യേറിയാണല്ലോ അവന്റെയിരിപ്പ്"
 ഓ... അപ്പോൾ അതാണു കാര്യം. അവന്റെ സീറ്റിൽ ഇരുന്നതിനാണ് അവനെന്നെ തുറിച്ചുനോക്കുന്നത്. ഞാൻ പതുക്കെ എന്റെ പുസ്തകങ്ങളെടുത്ത് എഴുനേൽക്കാൻ ശ്രമിച്ചു.  ഞാനായിട്ട് വഴക്കിന് പോകേണ്ട. എത്തിയ ഉടനെ കണ്ടവരുടെ  ഇടികൊള്ളാൻ ഞാൻ ആഗ്രഹിച്ചില്ല.
" അങ്ങനെയങ്ങു പോകാതെ, എന്താ നിന്റെ പേര്, നാട് എവിടെയാ, ഏതു ക്‌ളാസിൽ പഠിക്കുന്നു? "
അവനെന്റെ കൈ പിടിച്ചു അവിടെത്തന്നെയിരുത്തി, ഒരൊറ്റ ശ്വാസത്തിൽ നൂറായിരം  ചോദ്യങ്ങൾ
എന്റെ കണ്ണുകളിൽ ഇരുട്ട് കയറിയത് പോലെ .. ഒന്നും കാണാൻ കഴിയുന്നില്ല. ചുണ്ടുകൾ വിതുമ്പാനുള്ള ശ്രമത്തിലാണന്നു മനസ്സിലാക്കിയാവണം ആ നീള തൊപ്പിക്കാരൻ എന്റെ രക്ഷക്കെത്തി
" അവനെ വിട്ടേക്ക് സുലു,,,,,,"
ജലീൽ, സുലു .. അതാണ് ആ ഇരട്ട സംഘത്തിന്റെ പേര്.
എന്നെ അവിടെത്തന്നെ പിടിച്ചിരുത്തി, എന്റെ പേരും നാടും വീടുമെല്ലാം അവർ ചോദിച്ചറിഞ്ഞു.
സുലു , ഞാൻ കരുതിയപ്പോലെ അത്ര ശുണ്ഠിക്കാരനൊന്നുമല്ല . ഒരു പച്ച പ്പാവം . പരിചയപ്പെട്ടപ്പോൾ പെട്ടന്ന് തന്നെ അക്കാര്യം എനിക്ക് മനസ്സിലായി.
അതായിരുന്നു തുടക്കം . അവരുമായി പരിചയപ്പെടുന്നതും അടുക്കുന്നതും അങ്ങനെയാണ്.
ജലീൽ , ഷൊർണ്ണൂർ സ്വദേശിയാണ്, ഉമ്മയും ഒരു കുഞ്ഞനുജത്തിയും അടങ്ങിയതാണ് അവന്റെ കുടുംബം. ഉപ്പയെ കുറിച്ച് മങ്ങിയ ഓർമകളെ അവനൊള്ളൂ. ചെറുപ്പത്തിലേ അവരെ തനിച്ചാക്കി എവിടെ പോയി മറഞ്ഞതാണയാൾ.  പിന്നീട് തിരുച്ചു വന്നിട്ടില്ല. ഉമ്മയാണ് പലവീടുകളിലും ജോലി ചെയ്ത് അവരെ വളർത്തിയത്. അവനത് പറയുമ്പോൾ ഇടക്കൊക്കെ കണ്ണ് തുടക്കുന്നുണ്ടായിരുന്നു. എനിക്കും കൂടുതൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല . എന്റെ കണ്ണിലും കാർമേഘങ്ങൾ ഉരുണ്ടുകൂടാൻ തുടങ്ങിയിരുന്നു. ഏതു നിമിഷവും അത് കണ്ണീരായി പെയ്തിറങ്ങുമെന്ന അവസ്ഥ.
സുലു .., സുലൈമാൻ. അതാണവന്റെ പേര്. കോതമംഗലം നെല്ലിക്കുഴി സ്വദേശിയാണ്. ഉപ്പയും ഉമ്മയും നാല് സഹോദരന്മാരും മൂന്ന് സഹോദരിമാരും അടങ്ങിയതാണ് അവന്റെ കുടുംബം. രണ്ടു സഹോദരന്മാർ ഈ സ്ഥാപനത്തിൽ തന്നെ പഠിക്കുന്നുണ്ട്.
ഞാൻ എന്റെ വീട്ടുവിശേഷങ്ങളും അവരുമായി പങ്കുവെച്ചു. കുന്നുകളും വയലുകളും നിറഞ്ഞ  എന്റെ നാടിന്റെ ഗ്രാമീണ ഭംഗിയെക്കുറിച്ചും, വളഞ്ഞു പുളഞ്ഞൊഴുകുന്ന ഞങ്ങളുടെ സ്വന്തം തൂതപ്പുഴയിൽ, അവധിദിവസങ്ങളിൽ കൂട്ടുകാരൊന്നിച്ചുള്ള ചാടിത്തിമർക്കലിനെ കുറിച്ചും പൊടിപ്പും തൊങ്ങലുംവെച്ചു ഞാൻ അവതരിപ്പിച്ചു.
അങ്ങനെ, എവിടെനിന്നോ ഒരു നിയോഗം പോലെ ഒത്തുകൂടിയവർ, ഏതോ ഒരു നിമിഷത്തിൽ ഒന്നായി മാറുകയായിരുന്നു. പിന്നെ എവിടെയും ഞങ്ങൾ ഒരുമിച്ചായിരുന്നു. പള്ളിയിലും കിച്ചണിലും കളിസ്ഥലത്തും  എല്ലാം.
ഞാനും ജലീലും അഞ്ചിൽ ഒരേ ക്ലസ്സിലും സുലു ഏഴാം  തരത്തിലുമായിരുന്നു പഠിച്ചിരുന്നത്. അങ്ങനെ ഇണങ്ങിയും പിണങ്ങിയും കളിച്ചും ചിരിച്ചും കഥപറഞ്ഞും ആ മൂവർസംഘം ആ സ്ഥാപനത്തിൽ പാറിനടന്നു. ഞങ്ങളുടെ ചെറുസംഘത്തിലേക്ക് പിന്നെയും പുതിയ കൂട്ടുകാർ വന്നുചേർന്നു. കബീർ കുട്ടി, മുനീർ, ഷിയാസ് ....
ഒഴിവ് ദിനങ്ങളിൽ സ്റ്റഡിഹാളിൽ പോയി കഥപറഞ്ഞിരിക്കൽ ഞങ്ങളുടെ ഹോബിയായിരുന്നു. ഹാളിന്റെ തെക്കേ ജനൽ തുറന്നിട്ടാൽ പരന്നൊഴുകുന്ന പെരിയാർ നദി കാണാം.അതിന്റെ കൊച്ചോളങ്ങളിൽ ആടിയുലഞ്ഞു മൽസ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്ന ചെറുതോണികളെ കാണാം. കടലിൽ  മൽസ്യ ബന്ധനത്തിനു പോകുന്ന ചെറുതും വലുതുമായ ബോട്ടുകൾ കാണാം.  അങ്ങകലെ പാറക്കല്ലുകളിൽ തലതല്ലികരയുന്ന അറബിക്കടലിന്റെ അതിദയനീയ അട്ടഹാസവും  കേൾക്കാം.
വലിയ ബോട്ടുകളുടെ കൂറ്റൻ ഓളങ്ങളിൽ പെട്ട് ആടിയുലയുന്ന ചെറുതോണികളെ  നോക്കി ഞാൻ നെടുവീർപ്പിടുമ്പോൾ, ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന ഭാവമായിരുന്നു അവർക്ക്.  എത്രരസകരമായിരുന്നു ആ നാളുകൾ. ഒരിക്കലും തിരിച്ചുവരാത്ത സുന്ദരനിമിഷങ്ങൾ.
അന്നൊരു നിലാവുള്ള രാത്രി , വാർഷിക പരീക്ഷ നടക്കുന്ന ദിവസങ്ങളാണ്. രാത്രി ഭക്ഷണവും കഴിച്ച് ഓഫീസിനടുത്തുള്ള കിണറിൻ വക്കിൽ പതിവു സൊറ പറഞ്ഞിരിക്കുന്നതായനയിടയിലാണ് സുലു അക്കാര്യം ആദ്യമായി പറയുന്നത്. അടുത്തവർഷം മുതൽ  നാട്ടിലാണത്രെ അവൻ പഠിക്കുന്നത്. ഒരു ഞെട്ടലോടെയാണ് ആ വിവരം ഞങ്ങൾ കേട്ടത്. ഞങ്ങളുടെ  സൗഹൃദ വലയത്തിൽ നിന്നും ഇതാ ഒരാൾ അകന്നു പോകുന്നു. ഒരു പക്ഷെ ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിഞ്ഞെന്നു വരില്ല.
സുലു സ്ഥാപനത്തിൽ നിന്നും പിരിഞ്ഞു പോയതിൽ വളരെ സങ്കടമുണ്ടായിരുന്നു ഞങ്ങൾക്ക്. ഹൈസ്‌കൂളിലേക്ക് അടുത്തവർഷം മുതൽ നമുക്ക് ഒന്നിച്ചു പോകാമെന്നൊക്കെ പറഞ്ഞിരുന്നതാണ് .പക്ഷെ  വിധി ഞങ്ങൾ തനിച്ചു പോകാനായിരുന്നു. എട്ടാംതരത്തിലും ഞാനും ജലീലും ഒരേ ക്ലാസ്സിൽ തന്നെയായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്നു അവൻ ,ഒരു സംസാരപ്രിയനുമായിരുന്നു. ക്ലാസ്സിൽ ടീച്ചർമാരില്ലാത്ത പിരീഡിൽ എന്തെങ്കിലും ഒരു കഥയുമായി അവൻ വരും. അധികവും  യക്ഷികഥകളായിരുന്നു. അവന്റെ യക്ഷികഥകൾ കേട്ട് എത്രയോ രാത്രികളിൽ ഞെട്ടിയുണർന്നിട്ടുണ്ട്.
അതിനിടെ കബീർകുട്ടിയും മുനീറും എല്ലാവരും സ്ഥാപനത്തിൽ നിന്നും പിരിഞ്ഞു പോയിരുന്നു. പ്രിയ സ്നേഹിതൻ ഷിയാസ് നക്ഷത്രങ്ങളുടെ ലോകത്തേക്ക് എന്നന്നേക്കുമായ്‌  പറന്നകന്നു.ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക്. കനലെരിയുന്ന നെഞ്ചുമായി, ആത്മമിത്രത്തിന്റെ വേർപാട് സൃഷ്ടിച്ച നൊമ്പരവുമായി ഞങ്ങൾ അവിടെ കഴിഞ്ഞുകൂടി.നിശയുടെ നിശബ്ദതയിൽ അവനെയോർത്ത് കരഞ്ഞ എത്രയെത്ര രാത്രികൾ.
ഞങ്ങളുടെ ആ സുഹൃബന്ധത്തിനു കൂടുതൽ ആയുസ്സുണ്ടായില്ല. എട്ടാം ക്ലാസ്സ് അവസാനിച്ചതോടെ ജലീലും സ്ഥാപനത്തിൽ നിന്ന് പോയി. അന്ന് ഞാൻ കുറെ കരഞ്ഞു.  ആത്മമിത്രങ്ങളല്ലാവരും ഓരോരുത്തരായി അകന്നുപോകുന്നത് നിസ്സഹായനായി ഞാൻ നോക്കി നിന്നു. ഏകനായ് ഞാൻ വീണ്ടും ആ സ്ഥാപനത്തിൽ തുടർന്നു . ജീവിതയാത്രക്കിടയിൽ  കണ്ടുപിരിഞ്ഞു പോയ ആ പ്രിയ സ്നേഹിതരെ  എന്നെങ്കിലുമൊരിക്കൽ ഇനി കാണാനൊക്കുമോ ? അറിയില്ല. ഒരുമിച്ചുകൂടിയവർ ഒരിക്കൽ അകലേണ്ടവരാണ്. ഇന്നല്ലെങ്കിൽ മറ്റൊരിക്കൽ .ആ യാഥാർത്യം മനസ്സിനെ ബോധ്യപ്പെടുത്താൻ പിന്നെയും കുറെ കാലമെടുത്തു.
അതിനിടെ സലിം, ഹസ്സൻ  തുടങ്ങി പുതിയ കൂട്ടുകാർ എന്റെ ജീവിതത്തിലെക്ക് വന്നു . പുതിയ കൂട്ടുകാർ, പുതിയ സൗഹ്രദങ്ങൾഎങ്കിലും ഇടക്കിടെ  ആ  പഴയ സൗഹൃദങ്ങളുടെ ഓർമകൾ എന്നെ അലട്ടാൻ തുടങ്ങി. അവരൊക്കെ ഇപ്പോൾ എവിടെയായിരിക്കും. ആർക്കറിയാം.
വൈകുന്നേരമുള്ള അസംബ്ലിയിൽ വെച്ചാണ് വാർഡൻ  കുട്ടികൾക്കുള്ള കത്തുകൾ വിതരണം ചെയ്യാറ്. ചില കത്തുകളല്ലാം പൊട്ടിച്ചു ഉറക്കെ വായിക്കുമായിരുന്നു . പതിവ് പോലെ ഒരു ദിവസം അസംബ്ലിയിൽ വെച്ച് ഒരു അപ്രതീക്ഷിത എഴുത്തു എനിക്ക് ലഭിച്ചു. സമയക്കുറവുകാരണമെന്തോ അറിയില്ല അന്ന് അദ്ദേഹം കത്ത് പൊട്ടിച്ചുവായിച്ചില്ല. കത്തിന്റെ ഫ്രമ്മിൽ ആരുടെയും വിലാസമൊന്നും കാണുന്നില്ല.  എനിക്ക് ആകാംഷയായി . ആരുടേതായിരിക്കും ഈ എഴുത്ത്?. വീട്ടിൽ നിന്നാവാൻ തരമില്ല. കാരണം കൈയക്ഷരം ഉപ്പയുടേതായിരുന്നില്ല. പിന്നെയാരുടേതായിരിക്കും. മഗ്‌രിബും ഇശാഉം കഴിഞ്ഞു റൂമിൽ എത്തിയാലെ  കത്ത്പൊട്ടിച്ചു വായിക്കാൻ സാധിക്കൂ. പക്ഷെ അതുവരെ ക്ഷമിക്കാനുള്ള ശക്തി എനിക്കില്ലായിരുന്നു. മഗ്‌രിബ് നിസ്കാരം കഴിഞ്ഞതും ഞാൻ ബാത്തുറൂമിലേക്കോടാനുള്ള ശ്രമത്തിലായിരുന്നു. ഹൗളിനടുത്തുള്ള വാതിലിക്കൽ എത്തിയതും വാർഡൻ പൊക്കി.
"സാറെ"....ഇരു കൈകൊണ്ടും പൊത്തിപിടിച്ചു കുനിഞ്ഞുനിന്ന് ഒറ്റ വിളിയായിരുന്നു.
സഹതാപം നോന്നിയാവണം അദ്ദേഹം എന്നെ പോകാൻ അനുവദിച്ചു . ഞാൻ ബാത്ത് റൂമിലേക്കോടി വാതിലടച്ചു. ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കത്തെടുത്തു അതിലൂടെ ആകാഷയോടെ കണ്ണോടിച്ചു.
 "പ്രിയ സുഹൃത്തിനു സ്നേഹപൂർവ്വം ജലീൽ കുറിക്കുന്നു"
ആ വരികൾ വീണ്ടും വീണ്ടും ഞാൻ വായിച്ചു. മാസങ്ങൾക്ക് ശേഷം  സുഹൃത്ത് ജലീലിന്റെ കത്ത് എന്നെ തേടിയെത്തിയിരിക്കുന്നു.സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു. അവിടെനിന്ന്തന്നെ  മൂന്ന് തവണ ആ ഏഴുത്ത് മുഴുവനായും ഞാൻ വായിച്ചു.  വിശേഷങ്ങളെല്ലാം വിശദമായിത്തന്നെ അവൻ എഴുതിയിരിക്കുന്നു. അവനിപ്പോൾ ചാവക്കാട് ഒരു പള്ളിദർസിൽ താമസിച്ചു പഠിക്കുകയാണ് .അവിടുത്തെ വിശേഷങ്ങളും അവൻ വിശദമായി എഴുതിയിരുന്നു.
അന്ന് രാത്രിത്തന്നെ അടുത്തുള്ള അബ്ദുക്കന്റെ കടയിൽപോയി "ഇല്ലെന്റ് " വാങ്ങി മറുപടി എഴുതി,പിറ്റേന്ന് സ്‌കൂളിൽ പോകുമ്പോൾ പോസ്റ്റുചെയ്യുകയും ചെയ്തു.
പിന്നെ ഇടയ്ക്കിടെ അവന്റെ എഴുത്തുകൾ എന്നെ തേടി വന്നുകൊണ്ടിരുന്നു, എല്ലാത്തിനും പെട്ടന്നു തന്നെ മറുപടി എഴുതാനും ഞാൻ ശ്രദ്ധിച്ചു . അപ്പോഴും സുലുവിനെ കുറിച്ച് ഒരു വിവരവുമില്ല. അവനെ കുറിച്ചുള്ള ഓർമ്മകൾ ഇടക്കിടെ എന്നെ നൊമ്പരപെടുത്താൻ തുടങ്ങി.
ഒൻപതാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞതോടെ ഞാനും പ്രിയപ്പെട്ട ആ സ്ഥാപനത്തോട് യാത്രപറഞ്ഞു. അഞ്ചുവർഷങ്ങളോളം സുഹൃത്തുക്കളുമൊത്ത് ഓടിച്ചാടി നടന്ന സ്ഥാപനമാണ്. അവിടെ നിന്നും യാത്രയാകുമ്പോൾ   മനസ്സിലെവിടെയോ ഒരു വിങ്ങൽ അനുഭവപെട്ടു.
അവിടെ നിന്നും പിരിഞ്ഞു പോന്നതിനു ശേഷം ദർസ് പഠനത്തിനായി ഞാൻ യാത്രതിരിച്ചു. പിന്നീട് പുതിയകൂട്ടുകാർ, പുതിയ അന്തരീക്ഷം
അതിനിടയിലും,  ജീവിതയാത്രയിൽ മനസ്സിലിടം നേടിയ എന്റെ ആ പഴയ സ്നേഹിതരെ ഞാൻ ഓർക്കാറുണ്ടായിരുന്നു. മറവിയിലേക്കൊഴികിപ്പോയ ആ ബാല്യകാല സ്മരണകളെ തിരിച്ചുകൊണ്ടുവരാനുള്ള ഒരുശ്രമം ഞാൻ നടത്തി . അവരെ ബന്ധപ്പെടാൻ അവരുടെ മേൽവിലാസം എന്റെ കൈയ്യിലുണ്ടായിരുന്നില്ല. ഒരു എഴുത്തിൽ " ഞങ്ങൾ അവിടെ നിന്നും താമസം മാറുകയാണെന്നും പുതിയ വിലാസം ഞാൻ അറിയിക്കാമെന്നും' ജലീൽ എഴുതുയിരുന്നു.അതിനിടെയാണ് ഞാൻ ഇർഷാദിൽ നിന്നും പിരിഞ്ഞുപോന്നത്. അവന്റെ പഴയ അഡ്രസ്സിൽ ബെന്ധപെട്ടുവെങ്കിലും മേൽവിലാസക്കാരനെ കണ്ടത്താതെ എഴുത്ത് മടങ്ങി വന്നു. അവൻ പഠിച്ചിരുന്ന സ്ഥലത്തും അന്വേഷിച്ചുവെങ്കിലും ഇപ്പോൾ അവനവിടെ പഠിക്കുന്നില്ല എന്ന വിവരമാണ് ലഭിച്ചത്. മൂന്നു വർഷമായി ഒരാളെ കുറിച്ചും ഒരു വിവരവിമിലായിരുന്നു.ഓരോരുത്തരും അവരുടെ ലോകത്തായി കഴിഞ്ഞു കൂടുകയാണ്  . എങ്ങനെ കഴിഞ്ഞിരുന്നവരാണ് . പക്ഷെ ...ഇപ്പോൾ ആർക്കും ആരെ കുറിച്ചും യാതാരറിവുമില്ല. എല്ലാവരും തിരക്കിലാണ് . നമ്മുടെ തിരക്കുകൾ വിലപ്പെട്ട ചിലതെല്ലാം നമുക്ക് നഷ്ടപ്പെടുത്താറുണ്ട് .  വളരെ പരിചിതങ്ങളായ എത്ര മുഖങ്ങളാണ് നമ്മുടെ  മറവിയിലേക്ക് ഓടിയൊളിച്ചത്.  ജീവിതം അങ്ങനെയാണ്. കാലം  കൂടുന്തോറും സൗഹൃദങ്ങളുടെ നൂലിഴബന്ധങ്ങൾ അകന്നകൊണ്ടേയിരിക്കും”. എവിടെയോ വായിച്ച, മനസ്സിൽ പതിഞ്ഞ ആ  വരികൾ ഞാനോർത്തു.
ലീവിന് നാട്ടിലെത്തിയ ഒരു ദിവസം, എന്റെ പഴയപുസ്തകങ്ങളും മറ്റും സൂക്ഷിച്ചുവെച്ച പഴയ ഒരു പെട്ടിയുണ്ട്. അതെല്ലാം പുറത്തേക്കെടുത്ത് ശരിയാക്കിവെക്കുന്നതിനിടയിലാണ് ചുവപ്പ് ചട്ടയുള്ള ആ  ചെറിയ അഡ്രസ് ബുക്ക് എന്റെ കണ്ണിലുടക്കിയത്. പണ്ടന്നോ സുലു എന്നെയേല്പിച്ചതായിരുന്നു അത്. ഒരു നോട്ട്ബുക്കിനുള്ളിൽ വെച്ചിരുന്നത് കൊണ്ട്  എന്റെ ശ്രദ്ധയിൽ നിന്നും അതെന്നോ അകന്നു പോയിരുന്നു.
ഞാൻ അതിന്റെ താളുകൾ പതുക്കെ മറിച്ചുനോക്കി . എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അതിന്റെ ആദ്യപേജിൽ തന്നെ സുഹൃത്ത് സുലൂന്റെ മേൽവിലാസമുണ്ടായിരുന്നു. പിന്നെ സുഹൃത്തുക്കളായിരുന്ന കബീർകുട്ടി, മുനീർ തുടങ്ങി പലരുടേയും  അഡ്രെസ്സ് അതിൽ ഉണ്ടായിരുന്നു.
എത്രയും പെട്ടന്ന്തന്നെ അവർക്ക് കത്തെഴുതണം. എന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.
ഞാൻ പതുക്കെ എഴുനേറ്റു . ഉമ്മ വീട്ടിലില്ല, എവിടെയോ പോയതായിരുന്നു. ഉപ്പ രാവിലെ തന്നെ ജോലിക്ക് പോകും . ഇതുതന്നെ തക്കം .ഉപ്പയുടെ ഷർട്ടിന്റെ പോക്കറ്റ് പരിശോധിച്ചുവെങ്കിലും ഒന്നും കിട്ടിയില്ല . അകത്തെ അലമാര തുറന്നു ഉമ്മയുടെ പേഴ്‌സിൽനിന്നും അഞ്ചുരൂപയെടുത്ത് അതുമായി ഞാൻ പോസ്റ്റോഫീസിലേക്കോടി  . രണ്ടരരൂപക്ക് അഞ്ചു പോസ്റ്റുകാർഡുകൾ വാങ്ങി, ബാക്കി രണ്ടര രൂപ ഉമ്മയുടെ പേഴ്‌സിൽത്തന്നെ വെക്കാമെന്ന്കരുതി തിരിച്ചു വരുമ്പോഴാണ്, സ്കൂളിനടുത്തുള്ള ബാവക്കയുടെ കടയിൽ തൂങ്ങുന്ന " പൊടി പുളിയച്ചാർ" എന്നെ മാടിവിളിച്ചത്. ചെറുപ്പം മുതലേ പൊടിപുളിയച്ചറിനോട് എന്തോ  ഒരു ഇഷ്ട്ടമായിരുന്നു .പിന്നെ ഒന്നും നോക്കിയില്ല. ആ രണ്ടരരൂപയും  അങ്ങനെ കഴിഞ്ഞു.വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ഉപ്പാന്റെ കൈയ്യിൽ നിന്നും അഞ്ചു രൂപ വാങ്ങി, ഉമ്മയുടെ പേഴ്സിൽ കൊണ്ടുപോയി വെച്ചു .
അന്ന് രാത്രിതന്നെ സുലുവിന് ഞാൻ കത്തെഴുതി. മണ്ണണ്ണ വിളക്കിനു മുന്നിലിരുന്നു ആ കത്തെഴുതുമ്പോൾ പഴയ ആ ബാല്യകാലം എന്റെ മനസ്സിൽ തെളിഞ്ഞു വന്നു. കൊഴിഞ്ഞു വീണ ആ ഇന്നലെകളുടെ ചിതലിരിക്കാത്ത ഓർമ്മകൾ മനസ്സിനെ വല്ലാതെ മഥിച്ചുകൊണ്ടിരുന്നു. എത്രയും പെട്ടന്ന് ഈ എഴുത്തു അവന് കിട്ടിയിരുന്നുവെങ്കിൽ.... 
പിന്നീട് അവന്റെ മറുവടിക്കായുള്ള കാത്തിരിപ്പിന്റെ ദിനങ്ങളായിരുന്നു. ഓരോ ദിവസവും പ്രതീക്ഷയോടെ അവന്റെ മറുവടിക്കായ്‌ ഞാൻ കാത്തിരുന്നു. പക്ഷെ ...ലീവ് കഴിഞ്ഞു പഠിക്കുന്ന സ്ഥലത്തേക്ക് തിരുച്ചുപോകുന്നത് വരെ അവന്റെ എഴുത്ത് വന്നില്ല. ദിവസം കൂടുന്തോറും എന്റെ പ്രതീക്ഷകൾ അസ്തമിച്ചു കൊണ്ടിരുന്നു. പ്രിയ സ്നേഹിതനെ കണ്ടത്താനുള്ള ഈ ശ്രമവും പാഴായി പോകുകയാണോ  ...മനസ്സ് വല്ലാതെയായി.വീട്ടിലെ അഡ്രസ്സിനു പുറമെ പഠിക്കുന്ന സ്ഥലത്തെയും വിലാസം ഞാൻ എഴുതിയിരുന്നത് കൊണ്ട് അവിടെയും ഓരോ ദിവസവും അവന്റെ മറുവടിക്കായ്‌ ഞാൻ കാത്തിരുന്നു.
ഒരു ദിവസം അങ്ങാടിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് കൂടെ പഠിക്കുന്ന ഒരു സുഹൃത്ത് ഒരു എഴുത്ത് എന്റെ നേരെ നീട്ടിയത്. അത് വാങ്ങി മേൽവിലാസം നോക്കിയപ്പോൾ  എനിക്ക് തുള്ളിച്ചാടാനാണ് തോന്നിയത് . അതെ  പ്രിയസ്നേഹിതൻ സുലൂന്റെ എഴുത്തായിരുന്നു അത്. മിടിക്കുന്ന മനസ്സോടെയാണ് ആ എഴുത്ത് ഞാൻ വായിച്ചത്. വിശദമായി തന്നെ അവൻ വിശേഷങ്ങളെല്ലാം എഴുതിയിരിക്കുന്നു. എന്റെ കത്ത് ലഭിക്കുന്നതിന് ഒരു ദിവസം മുൻപ് അവന്റെ വീട്ടിലെ ഓട്ടോറിക്ഷ കളവുപോയെന്നും കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് അത് കിട്ടിയതെന്നും അതിന്റെ ടെൻഷനിൽ നടക്കുകയായിരുന്നു .അതുകൊണ്ടാണ് മറുപടിയെഴുതാൻ താമസിച്ചതെന്നും അവനെഴുതിയിരുന്നു.
ഇപ്പോൾ വർഷങ്ങൾ പലതു കഴിഞ്ഞിരിക്കുന്നു . അതിനിടെ സുഹൃത്തുക്കളായ മുനീർ, കബീർ എല്ലാവരെയും നേരിൽ കാണാൻ സാധിച്ചു. സുലുവിനെ പലപ്രാവശ്യം  നേരിൽ കണ്ടു. അവന്റെ വീട്ടിൽ പലതവണ പോയി, അവൻ എന്റെയും വീട്ടിൽ വന്നു. എന്റെയും അവന്റെയും വിവാഹം കഴിഞ്ഞു, കുട്ടികളായി.വിവാഹങ്ങളിലെല്ലാം പരസ്പരം പങ്കെടുത്തു, ഇപ്പോഴും ആ സുഹൃബന്ധം  തുടർന്ന് കൊടിരിക്കുന്നു. കഴിഞ്ഞ മാസം  വിദേശത്ത് നിന്നും  നാട്ടിലെത്തിയപ്പോൾ  ഫാമിലിയോടൊപ്പം അവന്റെ വീട്ടിൽ പോയിരുന്നു.
ഞങ്ങൾ കുറെ സംസാരിച്ചു.ഒരിക്കലും തിരിച്ചുവരാത്ത, കാലത്തോടൊപ്പം നഷ്‌ടമായ ആ ബാല്യവും, ഇതുവരെയും കണ്ടത്താൻ കഴിയാതിരുന്ന ഞങ്ങളുടെ പ്രിയ ബാല്യകാല സുഹൃത്ത് ജലീലും സംസാരത്തിൽ കയറിവന്നു. കളിച്ചും ചിരിച്ചും കഥപറഞ്ഞും മാനത്ത് നക്ഷത്രങ്ങളെ നോക്കി കിന്നരിച്ചും  പ്രിയ സ്‌നേഹിതനോടൊത്ത് ആ  അഗതിമന്ദിരത്തിൽ  പാറിനടന്ന കാലം ഒരു മിന്നായം പോലെ മനസ്സിലൂടെ കടന്നു പോയി.
പ്രിയ സ്നേഹിതാ.. നീയെവിടെയാണ്?
നിന്നെ ഞാൻ  എവിടെയെല്ലാം അന്വേഷിച്ചന്നോ.
നിന്നെ മാത്രം എനിക്ക് കണ്ടത്താൻ കഴിഞ്ഞില്ല .
ഓരോ ആൾകൂട്ടം കാണുമ്പോഴും പ്രതീക്ഷയോടെ ഞാൻ തിരയാറുണ്ട്.
നീളംതൊപ്പിയും ധരിച്ചു, സദാ പുഞ്ചിരിയോടെ നടന്നിരുന്ന നിന്റെ ആ കുഞ്ഞു മുഖം.
പക്ഷെ നിന്നെമാത്രം കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ
നീയിപ്പോൾ എങ്ങനെയിരിക്കും, അറിയില്ല . എന്റെ മനസ്സിൽ ഇപ്പോഴും ബാല്യകാലത്തെ   ആ കുഞ്ഞുമുഖമാണ്.
ജീവിതയാത്രക്കിടയിൽ നമ്മൾ എന്നെങ്കിലും എവിടെയെങ്കിലും വെച്ചു നേരിൽ കണ്ടിരുന്നോ ?.. എന്നിട്ട് തിരിച്ചറിയാതെ പോയതാണോ ?
ഇല്ല...അങ്ങനെ വരാൻ സാധ്യതയില്ല..എത്രമുതിർന്നാലും നിന്നെ തിരിച്ചറിയാൻ എനിക്ക് സാധിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു.
സുഹൃത്തേ ... നമ്മുടെ ബാല്യകാല സുഹൃദ് വലയത്തിലെ മിക്കവരെയും ഞാൻ കണ്ടെത്തി.അവരുമായൊക്കെ  തിരക്കിനിടയിലും ബന്ധപ്പെടാൻ ഞാൻ സമയം കണ്ടത്താറുണ്ട്. ഇപ്പോൾ എല്ലാവരും വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെയാണല്ലോ ..പക്ഷെ നമ്മുടെ ആ പഴയ കത്ത് എഴുതുകയും, പ്രതീക്ഷയോടെ പൊട്ടിച്ചു വായിക്കുകയും ചെയ്യുമ്പോയഴുള്ള ആ ഒരു ത്രില്ല് ഇപ്പോഴെത്തെ ചാറ്റിങ്ങിൽ ലഭിക്കുന്നില്ല. ഇപ്പോൾ ആർക്കും സമയമില്ല. ഒരുപാട് ആശയങ്ങൾ ചില പ്രത്യേക അക്ഷരങ്ങളിൽ ഒളിപ്പിച്ചാണ് ഇപ്പോഴത്തെ ആശയവിനിമയങ്ങൾ.
സുഹൃത്തേ.... ഈയടുത്ത്  ഞാനും ഫാമിലിയും നമ്മുടെ കൂട്ടുകാരൻ സുലുവിന്റെ വീട്ടിൽ പോയിരുന്നു. അന്ന് നിന്നെ കുറിച്ച് ഞങ്ങൾ എത്രസംസാരിച്ചെന്നോ. അവൻക്ക് നിന്നെ കുറിച്ച് പറയുമ്പോൾ നൂറ് നാവായിരുന്നു. ഞാൻ വിദേശത്തേക്ക് തിരുച്ചുപോരുന്നതിനു രണ്ടു ദിവസം മുൻപ് അവർ എന്റെ വീട്ടിലും വന്നിരുന്നു.
സുഹൃത്തേ... നീ ഓർക്കാറുണ്ടോ നമ്മുടെ ആ ബാല്യകാലം. എത്ര സുന്ദരമായിരുന്നു ആ നിമിഷങ്ങൾ.. അല്ലെ ...
നീ അവിടെ നിന്നും പിരിഞ്ഞു പോയതിന്റെ പിറ്റേ വര്ഷം തന്നെ ഞാനും അവിടെ നിന്ന് യാത്രയായി. ആ പ്രിയ സ്ഥാപനത്തോട് വിടപറയുമ്പോൾ എത്ര സങ്കടപ്പെട്ടിരുന്നുവന്നോ.
നീണ്ട പത്തു വർഷങ്ങൾക്കു ശേഷം ഒരു അദ്ധ്യാപകന്റെ റോളിൽ അവിചാരിതമായി ഞാൻ വീണ്ടും നമ്മുടെ ആ സ്ഥാപനത്തിൽ എത്തപ്പെട്ടു. ഗേറ്റ് കടന്ന് ആ ക്യാമ്പസ് മുറ്റത്തേക്ക് കാലെടുത്ത് വച്ചപ്പോൾ തന്നെ മനസ്സ് പിറകോട്ടോടിയിരുന്നു.നമ്മൾ ഓടിച്ചാടി നടന്നിരുന്ന ആ സ്ഥലം എവിടെനിന്നോ എത്തപ്പെട്ട കുട്ടികൾ കൈയടക്കിയിരിക്കുന്നു.
അന്ന് നാം കൂട്ടുകാരോടൊത്ത്  കഥപറഞ്ഞിരിക്കാറുള്ള സ്റ്റേഡിഹാളിൽ ചിലപ്പോഴൊക്കെ ഞാൻ വെറുതെ പോയിരിക്കും. ജനൽ പാളികൾ തുറന്നിട്ട് കുണുങ്ങി കുണുങ്ങിയൊഴുകുന്ന പെരിയാറിന്റെ  ആ കൊച്ചോളങ്ങളെ നോക്കിയിരിക്കുമ്പോൾ മനസ്സ് ബാല്യകാലത്തേക്ക് ഓടിയകലും. മണ്ണിലലിഞ്ഞു പോയ ആ ഓർമകളെ താലോലിച്ചു സ്വയം മറന്നിരിക്കും.
 നീ ഓർക്കുന്നുണ്ടോ ... നമ്മൾ രാത്രി ഭക്ഷണ ശേഷം സൊറപറഞ്ഞിരിക്കാറുള്ള ആ കിണർ , അതിന്നും ഒരു സ്മാരക ശിലയായി അവിടെയുണ്ട്. ചിലപ്പോഴൊക്കെ  ഞാൻ വെറുതെ അവിടെ പോയിരിക്കാറുണ്ട്.അവിടെയിരുന്നു എന്തല്ലാം കഥകൾ നാം പറഞ്ഞിരിക്കുന്നു. വാർഡൻ നാട്ടിൽ പോകുന്ന തക്കം നോക്കി നാം മീൻ പിടിക്കാനിറങ്ങുന്ന ആ തൊടല്ലാം ഇപ്പോൾ വറ്റിവരണ്ടു കിടക്കുകയാണ് . ചെറിയ തോണികൾ വരെ അതിലൂടെ പോയിരുന്നതാണ്.
നാം ചട്ടിപ്പന്തും ഫുട്‌ബോളും കളിച്ചിരുന്ന ഗ്രൗണ്ട് ഓർക്കുന്നില്ലേ... കൊരിച്ചൊരിയുന്ന പേരുംമഴയത്ത് പോലും നാം കളി ഒഴിവാക്കാറില്ലായിരുന്നു. വെറും തോർത്തും ബനിയനും ധരിച്ചുള്ള ആ കളിയോർമകൾ മറക്കാൻ കഴിയുമോ ?
വാർഡൻ സ്ഥാപനത്തിലില്ലാത്ത ഒരു ദിവസം  , തൊട്ടടുത്ത് പുതുതായി തുടങ്ങിയ  ടെക്സ്റ്റയിൽസ് ഉത്ഘാടനത്തിയ മാമുക്കോയയെ കാണാൻ പോയതോർമ്മയുണ്ടോ ?.തിരുച്ചുവരുമ്പോൾ അവിചാരിതമായി വാർഡന്റെ മുന്നിൽപെട്ടതും മതിൽ ചാടി നാം ഓടി രക്ഷപ്പെട്ടതും ഓർക്കുന്നില്ലേ... ഒരുപാട് കുട്ടികളുണ്ടായിരുന്നത്കൊണ്ട് അന്ന് നാം അടികിട്ടാതെ രക്ഷപെട്ടു. സ്കൂളിനടുത്തുള്ള ആ മതിൽ കാണുമ്പോൾ മനസ്സിൽ ആ രംഗം തെളിഞ്ഞു വരും.
സുഹൃത്തേ.... ഒരു ദിവസം നീ എനിക്കെഴുതിയ കത്ത് നമ്മുടെ വാർഡൻ അസംബ്ലിയിൽ ഉറക്കെ പൊട്ടിച്ചു വായിച്ചു. അതിൽ " ആ പെൺകുട്ടിയുടെ' വിശേഷങ്ങൾ ചോദിച്ചു നീ എഴുതിയിരുന്നുവല്ലോ...
അന്ന് ഭൂമിയോളം ഞാൻ ചെറുതായിപോയി . വാർഡൻ അന്നെന്നെ എത്രത്തോളം കളിയാക്കിയെന്നോ ...കുട്ടികളും എന്നെ ഇടംകണ്ണിട്ട് നോക്കാൻ തുടങ്ങി. അതുവരെ ക്ലാസിൽ   മാത്രമറിയാമായിരുന്ന ആ രഹസ്യം പിന്നെ സ്ഥാപനത്തിൽ മുഴുവനും പരന്നു. സ്ഥാപനത്തിൽ നിന്നും പോരുന്നത് വരെ ആ ഒരു നിഴൽ എന്നെ പിന്തുടർന്നിരുന്നു. പ്രണയിക്കാത്തവരയി ആരാണീ ലോകത്തുള്ളത്, വെറുതെ ഒരു തമാശക്കെങ്കിലും. എല്ലാം ബാല്യത്തിന്റെ ഓരോ കുസൃതികൾ ...
അതിന്റെ പേരിൽ ഇപ്പോഴും ഞാൻ പഴികേൾക്കേണ്ടി വരുന്നു എന്നതാണ് വിചിത്രം. ചെറുപ്പം മുതൽ ഡയറിയെഴുതുന്ന ഒരു "ദുശ്ശീലം" എനിക്കുണ്ടായിരുന്നുവല്ലോ..അതിത്രമാത്രം കുരിശാകുമെന്നു ഞാൻ കരുതിയിരുന്നില്ല.  എന്റെ വിചാരങ്ങളും വികാരങ്ങളും കോറിയിട്ട ഡയറികൾ, ( അധികവും ഇരുന്നൂറ് പേജിന്റെ നോട്ട് ബുക്കുകളാണ് ) റൂമിൽ ഭദ്രമായി ഒരു കാർബോഡ് പെട്ടിയിൽ സൂക്ഷിച്ചിരുന്നു. ഒരു ദിവസം ലീവിന് വീട്ടിലെത്തിയപ്പോൾ 'നല്ലപാതി"  ചിലപേരുകളെല്ലാംഅവ്യക്തമായി പറയാൻ തുടങ്ങി. എനിക്കെന്തോ അപകടം മണത്തു.ഞാൻ ആ കാർബോഡ് പെട്ടി പരിശോദിച്ചു. എന്റെ ഊഹം ശരിയായിരുന്നു. എന്റെ ഡയറികളിൽ മിക്കതും അവൾ വായിച്ചുകഴിഞ്ഞിരുന്നു. അടുത്ത ഡയറി എടുക്കാനായി അവൾ വന്നു . ഞാൻ തടഞ്ഞില്ല . കാരണം , തടയാൻ മാത്രം ഗൗരവമേറിയ വിഷയങ്ങളൊന്നും അതിൽ ഉണ്ടായിരുന്നില്ല. എങ്കിലും ചില തർക്കവിതർക്കങ്ങളിൽ അവളിപ്പോഴും അതൊക്കെ ആയുധമാക്കാറുണ്ട്. അപ്പോഴൊക്കെ ഞാൻ മൗനം പാലിക്കാറാണ് പതിവ്. ചിലപ്പോഴെങ്കിലും, മൗനമാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു.
ഇപ്പോൾ, പ്രവാസ ലോകത്തിരുന്നു  ചിതറിത്തെറിച്ച ആ  ഓർമകളെ പെറുക്കിഎടുക്കാൻ ശ്രമിക്കുമ്പോൾ  മനസ്സിൽ  ഒരുപാട് മുഖങ്ങൾ തെളിഞ്ഞു വരുന്നു. ചിലതല്ലാം മങ്ങി തുടങ്ങിയിരിക്കുന്നു. പല ഓർമകളും ചിതലരിച്ചിരിക്കുന്നു. എങ്കിലും ചില ഓർമ്മകളെല്ലാം കാലത്തിനു മങ്ങലേൽപ്പിക്കാൻ കഴിയാതെ ഇന്നും അവശേഷിക്കുന്നു.
എങ്കിലും ഇതുവരെ  നിന്നെ കണ്ടത്താൻ കഴിഞ്ഞില്ലല്ലോ എന്നൊരു ദുഃഖം എന്നെ വിടാതെ പിന്തുടരുന്നു.  ഈ ജീവിതയാത്രക്കിടയിൽ എന്നെങ്കിലും, എവിടെയെങ്കിലും വെച്ച്  പ്രിയ കൂട്ടുകാരാ നിന്നെ  കണ്ടത്താൻ കഴിയുമെന്നുതന്നെയാണ് മനസ്സ് മന്ത്രിക്കുന്നത്. ആ ഒരു നിമിഷത്തിനായി ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.   
 

നിയാസ് പുറമണ്ണൂർ